May 22, 2016

അസമയത്തെ അതിഥികൾ

രണ്ടു ദിവസമായിട്ടു റിയാദിൽ മഴയായിരുന്നു. ഇന്നലെയും ഇന്നും രാവിലെ ഓഫീസിൽ പോയതും തിരിച്ചു റൂമിലെത്തിയതും ചാറ്റൽമഴ നനഞ്ഞുകൊണ്ടായിരുന്നു.നാട്ടിലേക്കു വിളിച്ചപ്പോൾ അവിടെയും ഇതേ കാലാവസ്ഥ തന്നെയാണ് എന്നാണ് ഭാര്യ പറഞ്ഞത്. എന്തായാലും തണുപ്പും മഴയും എല്ലാംകൂടി ചേർന്ന് നല്ല സുഖമുള്ള കാലാവസ്ഥയാണ്.

വൈകിട്ട് റൂമിലെത്തിയിട്ടു ഒരു ചൂട് കട്ടൻ ചായ ഉണ്ടാക്കി കുടിച്ചു. എന്നിട്ട് പതിവുപോലെ നെറ്റ്ഫോണിൽ നാട്ടിലേക്കു വിളിച്ചു. മക്കളുടെ സ്കൂൾ വിശേഷങ്ങളും, ഭാര്യയുടെ ജോലിസ്ഥലത്തെ തിരക്കും, തിരിച്ചു വരുമ്പോൾ മഴ നനഞ്ഞു സ്കൂട്ടർ ഓടിച്ചു പോന്നതും, പാലും പച്ചക്കറികളും വാങ്ങിയതും വീട്ടിലെത്തിയപ്പോഴേക്കും സ്കൂട്ടറിലെ പെട്രോൾ തീർന്നതും. പിന്നെ നടന്നു പോയി പെട്രോൾ വാങ്ങിക്കൊണ്ടു വന്നതും തുടങ്ങി പൊട്ടും പൊടിയുമായ എല്ലാ വിശേഷങ്ങളും  പറഞ്ഞു കേൾപ്പിച്ചിട്ടാണ് ഭാര്യ ഫോണ്‍ വിളി അവസാനിപ്പിച്ചത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ വിസ്തരിച്ചുള്ള ഫോണ്‍വിളി ഒരു ദിനചര്യയാണ്‌.

ഫോണ്‍വിളി കഴിഞ്ഞു ന്യൂസ്‌ ചാനലിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ  വക്താകൾ പരസ്പരം തെറി വിളിക്കുകയും കടിച്ചുകീറുകയും ചെയ്യുന്ന ദിവസേനയുള്ള ന്യൂസ്‌ ചർച്ച കുറെ നേരം ആസ്വദിച്ചു. സത്യത്തിൽ, ഇരുന്നു ആസ്വദിച്ച് കാണാൻ പറ്റിയ ഏറ്റവും നല്ല കോമഡി പ്രോഗ്രാമാണ് ഈ ന്യൂസ്‌ ചര്ച്ച. ചാനലുകള്ക്ക് ദിവസവും എന്തെങ്കിലും ഒരു വിഷയം കിട്ടും. അതിനെപ്പറ്റി വായിൽ വരുന്നതൊക്കെ വിളിച്ചുപറയാൻ നല്ല തൊലിക്കട്ടിയുള്ള കുറച്ചു നേതാക്കളും. യഥാർഥത്തിൽ വിഷയത്തിന്റെ കാലിക പ്രസക്തിയെപ്പറ്റിയോ പ്രശ്നത്തെ എങ്ങനെ നേരിടണമെന്നോ എന്നല്ല ചർച്ച പോവുക. മറിച്ചു, മുൻകാലങ്ങളിൽ ഇത്തരം വിഷയങ്ങളിൽ എതിർ പാർട്ടികൾ സ്വീകരിച്ച നിലപാടുകളെ കുറ്റപ്പെടുത്തുകയും പരസ്പരം ചെളി വാരിയെറിയുകയുമാണ് ചാനൽ ചർച്ചയിൽ നേതാക്കൾ സ്ഥിരം നടത്തുന്ന കലാപരിപാടി. മുട്ടാടുകളെ തമ്മിലിടിപ്പിക്കുന്ന കുറുക്കൻറെ റോളാണ് ചാനലിലെ ന്യൂസ്‌ അവതാരകന്.

ചാനൽ ചർച്ച കഴിഞ്ഞപ്പോഴാണ് മൊബൈലിൽ ഭാര്യയുടെ മിസ്ഡ് കാൾ കണ്ടത്. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ഭാര്യ മിസ്ഡ് കാൾ ചെയ്യാറുള്ളൂ. നേരിയൊരു ടെൻഷനോടെ തിരിച്ചു വിളിച്ചു. 

"എന്തിനാണ് മിസ്ഡ് കാൾ വിട്ടത്?", ഞാൻ.

"അതേയ്... ഇവിടെ ഒരു പ്രശ്നമുണ്ട്"... ഭാര്യ.

"എന്താ?... എന്ത് പറ്റി ?..." എനിക്ക് ടെൻഷനായി...

"അത്..... ഒരു തള്ളയും മൂന്നു മക്കളും കൂടെ വീട്ടിൽ വന്നു കയറി.  മഴയത്താണ് വന്നത്.
ഇപ്പോൾ മഴ മാറി. പക്ഷെ അവർ പോകുന്നില്ല.."

"അവരെ വേഗം ഇറക്കി വിടാൻ നോക്ക്... സന്ധ്യയായില്ലേ?.." എന്റെ ടെൻഷൻ കൂടി...

"ഞാൻ ഇറക്കിവിടാൻ നോക്കി.. പക്ഷെ അമ്മയും മക്കളും ഭയങ്കര കരച്ചിലാണ്... ആ ചെറിയ കുഞ്ഞുങ്ങളുടെ കരച്ചിൽ  കണ്ടിട്ട് ഇരുട്ടിലേക്ക് ഇറക്കി വിടാൻ തോന്നുന്നില്ല."

"എന്നാൽ നീ അവരെ സ്വീകരിച്ചു സദ്യയൊരുക്കി വീട്ടില് കിടത്തിയുറക്ക്‌..." എനിക്ക് ദേഷ്യം വന്നു... "ആരാ... എന്താ... എന്നൊന്നും അറിയില്ല...കാലം അത്ര നന്നല്ല.... ഓര്മ്മ വേണം..."

"എന്നാലും ആ ചെറിയ മക്കളെ എങ്ങനെയാ ഈ ഇരുട്ടിലേക്ക് ഇറക്കി വിടുന്നത്... പുറത്താണെങ്കിൽ തെരുവ് നായ്ക്കൾ ധാരാളമുണ്ട്... അവ ഈ കുഞ്ഞുങ്ങളെ കടിച്ചുകീറും..."

"അതൊന്നും നമ്മൾ നോക്കേണ്ട.... നീ അവരെ പുറത്താക്കി ഗേറ്റടക്ക്.. വേണമെങ്കിൽ അപ്പുറത്തെ വീട്ടിൽനിന്ന് ആരെയെങ്കിലും സഹായത്തിനു വിളിക്ക്.." ഞാൻ എന്റെ കർക്കശ നിലപാട് വ്യക്തമാക്കി.

"അവരൊക്കെ നേരത്തേ കതകടച്ചു.... എന്തായാലും ഈ രാത്രി ഞാൻ അവരെ ഇറക്കി വിടുന്നില്ല... നാളെ എന്താ വേണ്ടതെന്നു നോക്കാം.."

"അതൊന്നും പറ്റില്ല... അവരെ ഇറക്കി വിടണം...." ഞാൻ 

"ആ കുഞ്ഞുങ്ങളുടെ കരഞ്ഞു തളര്ന്ന  മുഖം കണ്ടിട്ട്   ബലം പ്രയോഗിച്ചു ഇറക്കി വിടാൻ എനിക്ക് സാധിക്കുന്നില്ല... എന്റെ സ്ഥാനത്തു നിങ്ങളാണെങ്കിലും അത് ചെയ്യില്ല... ഞാൻ വാട്ട്സ്ആപ്പിൽ  അവരുടെ ഒരു ഫോട്ടോ അയച്ചുതരാം.  അത് കണ്ടിട്ട് നിങ്ങൾ പറ നിരാലംബരായ ആ അമ്മയെയും മക്കളെയും ഞാൻ എന്താണ് ചെയ്യേണ്ടതെന്ന്..."

ഭാര്യ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു. ഒരു മിനറ്റു കഴിഞ്ഞപ്പോൾ വാട്ട്സ്ആപ്പിൽ ഫോട്ടോ വന്നു. ഫോട്ടോ നോക്കിയിട്ട് ഞാൻ വീണ്ടും ഭാര്യക്ക്‌ വിളിച്ചു. 

"നീ വേഗം ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും കഴിക്കനെന്തെങ്കിലും കൊടുക്ക്‌... പാലുണ്ടെങ്കിൽ കുറച്ചു ചൂടാക്കി ആ മക്കൾക്ക്‌ കൊടുക്ക്.... പാവങ്ങൾ.... അവർക്ക്  നല്ല ക്ഷീണമുണ്ടാകും..." എന്റെ മനസ്സില്  മനുഷ്യഭാവം മാറി മൃഗനന്മ തളിരിടാൻ തുടങ്ങി...

"ഇവരെ എന്ത് ചെയ്യണമെന്നു ചോദിക്കാനാണോ നീ  മിസ്ഡ് കാൾ ചെയ്തത്..? "

"അല്ല... നാളെ കരണ്ടു ബില്ല അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ്. അത് ഓണ്‍ലൈൻ ആയി അടക്കണമെന്ന് ഓർമ്മപ്പെടുത്താനാ വിളിച്ചത് .."


Dec 21, 2012

ഗോപാലകൃഷ്ണന്റെ ലോകാവസാനം

വെള്ളിമേഘങ്ങള്‍ ആവരണം ചെയ്ത ഒരു കുന്നിന്മുകളില്‍ അയാള്‍  നില്‍ക്കുകയാണ്. തണുത്ത കുളിര്‍കാറ്റു വീശുന്നുണ്ട്. ദൂരെ നിന്ന് കാതിനു ഇമ്പമേകുന്ന  ഒരു സ്വര്‍ഗീയ സംഗീതം ഒഴുകിയെത്തുന്നു. പെട്ടെന്നാണതു  സംഭവിച്ചത്. ചക്രവാളത്തില്‍നിന്നും ഒരു ചുവന്ന വെളിച്ചം അയാളുടെ നേരെ പാഞ്ഞുവന്നു. ഒഴിഞ്ഞുമാറാന്‍ സാധിക്കാത്തവിധം അയാളുടെ കാലുകള്‍ നിലത്തു ഉറച്ചുപോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുന്‍പ് ആ വലിയ പ്രകാശഗോളം അയാള്‍ നിന്നിരുന്ന കുന്നില്‍ ശക്തിയായി വന്നിടിച്ചു. ഭൂമി രണ്ടായി പിളര്‍ന്നു. അവിടെ പതാളസമാനമായ ഒരു വലിയ ഗര്‍ത്തം രൂപംകൊണ്ടു   അതിഭയങ്കരമായ തീയും പുകയും ഉയരുന്നു. അയാള്‍ നോക്കിനില്‍ക്കെ ലോകവും അതിലുള്ളതെല്ലാം ആ ഗര്‍ത്തത്തിലേക്ക് വീഴാന്‍ തുടങ്ങി. എങ്ങും കരച്ചിലും നിലവിളിയും മാത്രം. ആ ബഹളത്തിനിടയിലും സ്വന്തം അമ്മയുടെ ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു... ഗോപാലകൃഷ്ണാ...മോനേ... ഗോപാലകൃഷ്ണാ... അമ്മക്ക് വയ്യെടാ... വേദന സഹിക്കുന്നില്ലടാ.... പാതാളത്തിലേക്ക്‌ വീഴുന്ന അമ്മയെ അയാള്‍ കുനിഞ്ഞു കയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചു. അമ്മേ.... എന്റെ  കൈ പിടിക്കൂ അമ്മേ ... അമ്മേ... കൈ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ഗോപാലകൃഷ്ണന്റെ കാല്‍ച്ചുവട്ടിലെ മണ്ണിടിഞ്ഞു അയാളും ആ ഗര്‍ത്തത്തിലേക്ക് വീണു. ആ വീഴ്ചയില്‍  അയാള്‍ ഉച്ചത്തില്‍  അലറിവിളിച്ചു. എന്റെ അമ്മേ....

എല്ലാം ശാന്തമായതുപോലെ... ശബ്ദകോലാഹലങ്ങള്‍ നിലച്ചു.... എങ്ങും നിശബ്ദത മാത്രം..... പെട്ടെന്ന് അമ്മയുടെ സ്വരം ഗോപാലകൃഷ്ണന്‍ വീണ്ടും കേട്ടു... മോനേ... എനിക്ക് വയ്യെടാ.... ഞാന്‍ വയറുപൊട്ടി ചാകുമെടാ... മോനേ... എന്നെ ആസ്പത്രിയില്‍ കൊണ്ടുപോടാ...

അയാള്‍  ചുറ്റും നോക്കിക്കൊണ്ട്  ആ തണുത്ത തറയില്‍  എഴുന്നേറ്റിരുന്നു..കട്ടിലില്‍ ഭാര്യയും മക്കളും സുഖമായി ഉറങ്ങുന്നു. അയാള്‍  നിലത്തു  വീണത്‌ അവര്‍ അറിഞ്ഞിട്ടുപോലുമില്ല. നേരം വെളുത്തിരിക്കുന്നു.. അയാള്‍ പുറത്തേക്കു  കണ്ണോടിച്ചു... ലോകത്തിനു ഒന്നും സംഭവിച്ചിട്ടില്ല.... ആ തറയില്‍ ഇരുന്നുകൊണ്ട് അയാള്‍   ചിന്തിക്കാന്‍ തുടങ്ങി.... എന്തൊക്കെയായിരുന്നു... ലോകം അവസാനിക്കുന്നു... ഭൂമി പിളരുന്നു.... എന്നിട്ടിപ്പോ...  കയ്യിലുണ്ടായിരുന്ന സമ്പാദ്യവും രണ്ടേക്കര്‍ സ്ഥലവും വെറുതെ തുലച്ചു... കടം തന്നവരോട് ഇനി എന്ത് സമാധാനം പറയും.  കമ്പനിയിലെ കടം എങ്ങനെ വീട്ടും..?

രണ്ടായിരത്തി പന്ത്രണ്ടു ഡിസംബര്‍ ഇരുപത്തി ഒന്ന്.... അന്ന് ലോകം അവസാനിക്കുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ആറു മാസം മുന്‍പേതന്നെ ഗോപാലകൃഷ്ണന്‍ ലോകാവസാനത്തിനുള്ള  ഒരുക്കങ്ങള്‍ തുടങ്ങി. അവസാനിക്കുന്നതിനു ഒരു മാസംമുന്‍പേ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി. ഭാര്യയും മക്കളുമൊത്തു ഒരു മാസമെങ്കിലും ആഘോഷമായി  ജീവിക്കണം.  ഗള്‍ഫില്‍നിന്നു  പോരുന്നതിനു മുന്‍പ് കൂട്ടുകാരുടെ കയ്യില്‍ നിന്ന് കിട്ടാവുന്നത്ര കടംവാങ്ങി. മടങ്ങിയെത്തിയാല്‍ ഉടനെ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍. കൂടാതെ കമ്പനിയില്‍ നിന്ന് വലിയൊരു  തുക ലോണ്‍  എടുത്തു. നല്ലൊരു തുകയുടെ ചിട്ടി പകുതിയിലേറെ നഷ്ടത്തില്‍ വിളിച്ചെടുത്തു.. ലോകം അവസാനിച്ചാല്‍പ്പിന്നെ ഒന്നും തിരിച്ചു നല്‍കേണ്ടല്ലോ.

നാട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ ജീവിതം ആഘോഷിക്കാന്‍ തുടങ്ങി. ഭാര്യയെയും മക്കളെയും കൂട്ടി വിനോദയാത്രകള്‍ക്ക് പോയി.  അറിയപ്പെടുന്ന അമ്പലങ്ങളിലേക്കെല്ലാം തീര്‍ഥയാത്ര നടത്തി. പിശുക്കിന്റെ പര്യായമായിരുന്ന ഗോപാലകൃഷ്ണന്‍ പാവങ്ങളേയും രോഗികളേയും അകമഴിഞ്ഞ് സഹായിച്ചു. സ്വന്തം അച്ഛന്‍ മരണക്കിടക്കയില്‍ കിടന്നിട്ടു തിരിഞ്ഞു നോക്കാതിരുന്നവനാണ്‌. അവസാനദിവസങ്ങളില്‍ അയാള്‍ കൂടുതല്‍ ദയാലുവായി.  NRE  അക്കൌണ്ടിലെ പണം മുഴുവന്‍ തീര്‍ത്തു. രണ്ടേക്കര്‍ വസ്തു വിറ്റു. ഇതൊക്കെ ഇനി എന്തിനാണ്?...

ഇരുപത്തൊന്നാം തിയ്യതി വെള്ളിയാഴ്ച...  അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ചു വീട്ടില്‍ ഒരു സദ്യതന്നെ നടത്തി.  വൈകുന്നേരത്തിനുമുന്‍പേ കയ്യിലുള്ള അവസാനത്തെ രൂപയും ചിലവാക്കി. രാത്രി ഭക്ഷണത്തിന്  ഇഷ്ടവിഭവങ്ങള്‍ എല്ലാം ഉണ്ടാക്കി. പ്രായമായ അമ്മക്ക് മത്സ്യമാംസാദികള്‍ കഴിക്കാന്‍ പാടില്ല. ഇനി എന്ത്  പഥ്യം നോക്കാന്‍. അമ്മയും അതൊക്കെ മൂക്കുമുട്ടെ തിന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു. ഭഗവാനെ ഞങ്ങളെ അധികം വേദനിപ്പിക്കാതെ ലോകം അവസാനിപ്പിക്കണേ... ഏറ്റവും അവസാനം മാത്രം ഞങ്ങളുടെ നാടിനെ അവസാനിപ്പക്കണേ. എന്നെയും എന്റെ കുടുംബത്തെയും നേരെ മോക്ഷത്തില്‍ എത്തിക്കണേ...

ഗോപാലകൃഷ്ണന്‍ ഭാര്യയെയും മക്കളെയും കെട്ടിപ്പിടിച്ചു കിടന്നു. നാളെ നേരം വെളുക്കുമ്പോള്‍ ഈ ലോകം ഇല്ല, താനില്ല,  തന്റെ പ്രിയപ്പെട്ടവര്‍ ഇല്ല. താനും തന്റെ കുടുംബവും മാത്രം അവശേഷിച്ചിരുന്നെങ്കില്‍ എന്ന് ആയാല്‍ വൃഥാ ആഗ്രഹിച്ചു.  ഇല്ല... നാളെ ആരും ഉണ്ടാവില്ല... അയാള്‍ തന്റെ കുഞ്ഞുനാള്‍ മുതലുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തന്നെ സ്നേഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചു. എല്ലാം ഇന്നത്തോടെ തീരും. ഇപ്പോള്‍ ലോകം അവസാനിച്ചു തുടങ്ങിയിട്ടുണ്ടാകും. ഏതോ വലിയ ഗ്രഹം ഭൂമിയില്‍ വന്നിടിക്കുമെന്നാണ്  കേട്ടത്. ആ ഇടിയില്‍ തന്റെ  വീട് തകര്‍ന്നു വീഴുമോ..? ഇടയ്ക്കു അയാള്‍ മുറ്റത്തിറങ്ങി നോക്കി. നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക്‌ വീഴുന്നുണ്ടോ എന്നറിയാന്‍. ചക്രവാളത്തിലേക്ക് ഒരു ഉല്‍ക്ക എരിഞ്ഞുവീഴുന്നത് അയാള്‍ കണ്ടു.  വിവിധങ്ങളായ വിചാരങ്ങളോടും പ്രക്ഷുബ്ദമായ മനസ്സോടുംകൂടി ഗോപാലകൃഷ്ണനും കുടുംബവും ഉറക്കത്തിലേക്ക് നീങ്ങി. ലോകാവസാനത്തിന്റെ ഭീകരമായ സ്വപ്നങ്ങള്‍ ഗോപാലകൃഷ്ണന്റെ നിദ്രയെ കീഴടക്കി.

അമ്മ വീണ്ടും നിലവിളിക്കുന്നു... എനിക്ക് വയറുവേദന സഹിക്കാന്‍ വയ്യേ.... വൈദ്യന്മാന്‍ പഥ്യം കല്പിച്ച ഭക്ഷണങ്ങള്‍ മൂക്കുമുട്ടെ തിന്ന അമ്മയെയുംകൊണ്ട് ഗോപാലകൃഷ്ണന്‍ ആസ്പത്രിയിലെക്കോടി.

ലോകാവസാനം കാത്തിരുന്ന മറ്റു പല ഗോപാലകൃഷ്ണന്മാരും വഴിക്ക് ,അന്തംവിട്ടു നില്പുണ്ടായിരുന്നു.

Oct 14, 2012

ചെല്ലപ്പന്റെ വിശ്വാസപ്രഖ്യാപനം

വൈകിട്ട് ചായക്കടയുടെ പുറകിലിരുന്നു പന്നിമലര്‍ത്തുകയായിരുന്നു. അപ്പോഴാണ്‌ അടുത്തുള്ള കൊട്ടകയില്‍ ഷക്കീലയുടെ പടം  ഓടുന്ന വിവരം ആരോ പറഞ്ഞത്. അത് കേട്ടപ്പോള്‍ മുതല്‍ ചാക്കോ നമ്പൂതിരിക്ക് ഒരു പൂതി. ആ സിനിമ ഒന്ന് കാണണം. സിനിമ കഴിഞ്ഞു രാത്രി  ഒറ്റയ്ക്ക് തിരിച്ചു പോരാനൊരു  പേടി. അതുകൊണ്ട് ചെല്ലപ്പെനെക്കൂടി കൂട്ടാമെന്ന് വച്ചു.
"ചെല്ലപ്പാ... രാധയില്‍ തൂവാനത്തുമ്പികള്‍ ഓടുന്നുണ്ടെടാ... നമുക്കൊന്നു പോയാലോ..?"
"തൂവാനത്തുമ്പികള്‍ അല്ല കിന്നാരത്തുമ്പികള്‍... എന്റേംകൂടെ   ടിക്കറ്റ്‌ എടുക്കാമെങ്കില്‍ ഞാന്‍ റെഡി....." ചെല്ലപ്പന്‍ സന്നദ്ധത അറിയിച്ചു. അങ്ങനെ രണ്ടാളും കൂടി സെക്കന്റ്‌ ഷോയ്ക്ക് പോയി. സിനിമ കഴിഞ്ഞപ്പോള്‍ മണി പതിനൊന്നര. രണ്ടാളും കൂടി പാടത്തെ നടവരമ്പിലൂടെ വീട്ടിലേക്കു നടന്നു.  ചെല്ലപ്പന്റെ വീട് കഴിഞ്ഞപ്പോള്‍  ചാക്കോ നമ്പൂതിരി ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. നിലാവെളിച്ചമുണ്ട്.  മുന്‍നിലാവ് അസ്തമിക്കനാവുന്നതെയുള്ളൂ. ചെറിയതോതില്‍ മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു.  ഒരു ബീഡി കത്തിച്ചിട്ട് മൂളിപ്പാട്ടും പാടി അയാള്‍ വീട്ടിലേക്കു നടന്നു.

പുഴയോരവും കടന്നു വീടിന്റെ  അടുത്തെത്താനായപ്പോഴാണ് ചാക്കോ നമ്പൂതിരി ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒന്നേ നോക്കിയുള്ളൂ. വലിച്ച ബീഡിപ്പുക അറിയാതെ വിഴുങ്ങിപ്പോയി. പുക ചങ്കിലുടക്കി ചുമച്ചുപോയെങ്കിലും. ഭയംമൂലം ശബ്ദം പുറത്തേക്കു വന്നില്ല. ചുമയും വിഴുങ്ങിപ്പോയി. ചാക്കോ നമ്പൂതിരിക്കു നിന്നിടത്തുനിന്ന് അനങ്ങാന്‍ പറ്റുന്നില്ല... കാലുകള്‍ക്ക് ഭാരം കൂടിയതുപോലെ.. കാലിലൂടെ ഒരു നനവ്‌ താഴേക്ക് പടര്‍ന്നു. അയാള്‍ വീണ്ടും ശ്രദ്ധിച്ചു നോക്കി. പറമ്പിന്റെ അതിരിലെ വാഴച്ചുവട്ടില്‍ വെള്ളസാരിയുടുത്ത ഒരു സ്ത്രീ നില്‍ക്കുന്നു. ആ പ്രദേശത്തു അപമൃത്യു വരിച്ച സ്ത്രീകളുടെ രൂപങ്ങള്‍ ഒരു തിരശീലയിലെന്നപോലെ അയാളുടെ മനസ്സിലൂടെ കടന്നുപോയി. പുഴയില്‍ ചാടി മരിച്ച ജാനു, തൂങ്ങിച്ചത്ത കമല, നാട്ടില്‍നിന്നു കാണാതായ സരോജിനി... സ്കൂളില്‍ പോകുമ്പോള്‍ തോണി മറിഞ്ഞു മരിച്ച കൊച്ചുറാണി... അവരില്‍ ആരുടെ പ്രേതമായിരിക്കും....?

അയാള്‍ വിക്കി വിക്കി ചോദിച്ചു... "ഹ് ... ഹാരാത് ....?" പെട്ടെന്നൊരു കാറ്റ് വീശി... അകലെ കുന്നിന്റെ മുകളില്‍ നായ്ക്കള്‍ ഓരിയിട്ടു.  അയാളുടെ തലക്ക് മുകളിലൂടെ ഒരു  വവ്വാലിന്റെ ചിറകടി ശബ്ദം കടന്നുപോയി. പുഴയരികിലെ പൊന്തക്കാട്ടില്‍ എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. വാഴച്ചുവട്ടില്‍ നിന്ന സ്ത്രീരൂപം കൈയ്യുയര്‍ത്തി തന്നെ വിളിക്കുന്നതുപോലെ. പിന്നെ അത് തന്റെ അടുത്തേക്ക്‌ വരുന്നതുപോലെ നമ്പൂതിരിക്ക് തോന്നി. അയാള്‍ അമ്മേ.... എന്ന് ഉറക്കെ വിളിച്ചെങ്കിലും ആ ശബ്ദം അയാള്‍ പോലും കേട്ടില്ല...പിന്നെ ഒരോട്ടമായിരുന്നു. തൊട്ടു തൊട്ടില്ല എന്നതുപോലെ പ്രേതം പുറകെതന്നെയുണ്ട്‌. വയല്ക്കരയിലൂടെ ഓടി കുമാരന്റെ പറമ്പും കടന്നു മറുവഴിയിലൂടെ ഓടി വീട്ടില്‍ എത്തി. എല്ലാവരും നല്ല ഉറക്കമാണ്. അടുക്കളയില്‍ കയറി കുറെ വെള്ളം എടുത്തു കുടിച്ചു. തന്റെ പരവേശം ആരോട് പറയാന്‍.... ഒരുവിധത്തില്‍ മുറിയില്‍ കയറി കതകടച്ചു കിടന്നു. ഓട്ടത്തിന്റെ തളര്‍ച്ചയില്‍ അറിയാതെ ഉറങ്ങിപ്പോയി.

രാവിലെ പത്തുമണി കഴിഞ്ഞാണ് ഉണര്‍ന്നത്.  ഉറക്കമുണര്‍ന്ന ചാക്കോനമ്പൂതിരിയുടെ മനസ്സില്‍ തലേന്നത്തെ സംഭവങ്ങള്‍ മായാതെ നിന്നു. രാത്രിയിലെ ഓട്ടത്തിനിടയില്‍ എവിടെയൊക്കെയോ തട്ടി ദേഹത്ത് അവിടവിടെ ചെറിയ മുറിവുകള്‍ പറ്റിയിരിക്കുന്നു. ആ മുറിവുകള്‍ കണ്ടപ്പോള്‍ തലേന്നത്തേതു ഒരു സ്വപ്നമായിരുന്നില്ല എന്ന് അയാള്‍ക്ക്‌ ഉറപ്പായി.  ചായ കുടിച്ചിട്ട് അയാള്‍ പറമ്പിന്റെ അതിരിലെ വാഴയുടെ അടുത്തേക്ക്  നടന്നു.  അവിടെ പ്രത്യേകിച്ചൊന്നും കാണാനില്ല. ഈയിടെ കുലച്ച ഒരു വാഴയില്‍ നിന്നും  ഒടിഞ്ഞു കിടന്ന ഇലയുടെ തൂശനറ്റം മുറിച്ചെടുത്തുകൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു പോന്നു. ഉച്ചക്ക് ചോറുണ്ണാമല്ലോ. ആ ദിവസം മുഴുവന്‍ തലേന്നത്തെ സംഭവം അയാളുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു.

വൈകുന്നേരമേ ചെല്ലപ്പനെ കാണാന്‍ പറ്റിയുള്ളൂ. അവന്‍ എവിടെയോ കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. അവനോടു തലേന്നത്തെ സംഭവങ്ങള്‍ വിശദമായി പറഞ്ഞു.
"ഒലക്കേടെ മൂട്....ഒക്കെ തന്റെ തോന്നലാ... പേടിച്ചുതൂറി... രാവും പകലുമില്ലാതെ നടക്കുന്ന ഞാന്‍ ഇക്കാലത്തിനിടക്ക് ഒരു പ്രേതത്തെപ്പോലും കണ്ടിട്ടില്ല..." ചെല്ലപ്പന്‍ പരിഹസിച്ചു.    എത്ര ശ്രമിച്ചിട്ടും ചാക്കോ നമ്പൂതിരി പറഞ്ഞത് വിശ്വസിക്കാന്‍ ചെല്ലപ്പന്‍ തയാറായില്ല. പ്രേതത്തിനെ സ്വന്തം കണ്ണ് കൊണ്ട് കാണുകയും വിരലുകള്‍കൊണ്ട്‌ സ്പര്‍ശിക്കുകയും ചെയ്യാതെ താന്‍ വിശ്വസിക്കില്ലെന്നായി ചെല്ലപ്പന്‍. ഒടുവില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. അന്ന് രാത്രി രണ്ടുപേരും കൂടി പ്രേതത്തെ കണ്ട സ്ഥലത്ത് പോകുക. ധൈര്യം കിട്ടാന്‍വേണ്ടി പാതിരാത്രിവരെ ചെല്ലപ്പന്റെ വീട്ടില്‍ ഇരുന്നു രണ്ടുപേരും പട്ടയടിച്ചു. പതിരാവായപ്പോള്‍ രണ്ടാളും കൂടി പ്രേതത്തെ പിടിക്കാന്‍ ഇറങ്ങി. ചെല്ലപ്പന്‍ ഒരു കൊച്ചു പിച്ചാത്തി എടുത്തു അരയില്‍ തിരുകി. ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടേ മടങ്ങൂ.. രണ്ടാളും നല്ല വീലാണ്.

രണ്ടാളും സംഭവസ്ഥലത്തെത്തി. വാഴച്ചുവട്ടിലേക്ക് നോക്കിയ ചെല്ലപ്പന്‍ കിടുങ്ങിപ്പോയി. വാഴച്ചുവട്ടില്‍ പ്രേതം നില്‍ക്കുന്നു. പൂനിലാവില്‍ അവളുടെ വെള്ളവസ്ത്രം തിളങ്ങി.  ചാക്കോ നമ്പൂതിരി ചെല്ലപ്പന്റെ തോളില്‍ മുറുകെ പിടിച്ചു.   രണ്ടാളും നിന്നനില്‍പ്പില്‍  മൂത്രമൊഴിച്ചു. ചെല്ലപ്പന്‍ തന്റെ പിച്ചാത്തിയില്‍ മുറുകെ പിടിച്ചു.  പെട്ടെന്ന് ചാക്കോനമ്പൂതിരി ഒരു കാര്യം തിരിച്ചറിഞ്ഞു. ഇത് തലേന്നത്തെ പ്രേതമല്ല.
"ചെല്ലപ്പാ ഇത് ഇന്നലെത്തവളല്ലാ.. ഇന്നലത്തവള്‍ സാരിയാ ഉടുത്തിരുന്നത്. ഇവള്‍ക്ക് പാവാടയും ബ്ലൌസുമാ... ദൈവമേ... ഇത് വള്ളം മറിഞ്ഞു മരിച്ച കൊച്ചുറാണിയാ... ഇവള്‍ ഇപ്പോഴും സ്കൂള്‍ യുണിഫോമില്‍ അലഞ്ഞു നടക്കുകയാണോ...?"

പെട്ടെന്നൊരു കാറ്റടിച്ചു. നരിച്ചീറുകള്‍ കരഞ്ഞുകൊണ്ട്‌ പറന്നു. വെളുത്ത ഫ്രോക്കും ഷര്‍ട്ടും ധരിച്ച കൊച്ചുറാണിയുടെ  പ്രേതം ചെല്ലപ്പനെ നോക്കി ചിരിച്ചു. അവള്‍ കൈയുയര്‍ത്തി ചെല്ലപ്പനെ അടുത്തേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു.
"ചെല്ലപ്പന്‍ ചേട്ടാ... എന്റെ അടുത്തേക്ക് വാ... എന്റെ അടുത്ത് വന്നു എന്നെ തൊട്ടു നോക്കൂ.. എന്നാലല്ലേ ചെല്ലപ്പന്‍ ചേട്ടന്‍ വിശ്വസിക്കുകയുള്ളൂ... വാ..."

ചെല്ലപ്പന്‍ ഒരു സ്വപ്നത്തിലെന്നപോലെ കൊച്ചുറാണിയുടെ അടുത്തേക്ക് നടന്നു. അവന്‍ രണ്ടു കൈകളും വിടര്‍ത്തി അവളെ കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചോട്‌ ചേര്‍ത്തു.
"എനിക്ക് വിശ്വാസമായി.... എനിക്ക് വിശ്വാസമായി....."

രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി പോയ കുമാരനും പപ്പനും ചേര്‍ന്നാണത്രെ  വഴില്‍ ബോധമറ്റു  കിടന്ന ചാക്കോ നമ്പൂതിരിയേയും അറ്റം  മുറിച്ച വാഴയിലയെ നെഞ്ചോട്‌ ചേര്‍ത്ത് വാഴയില്‍ ചാരിനിന്ന നിലയില്‍ കണ്ടെത്തിയ ചെല്ലപ്പനെയും ആശുപതിയില്‍ എത്തിച്ചത്.